പുതിയ ഗോൾകീപ്പറെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, റഡാറിൽ സീനിയർ താരവും

Kerala Blasters FC have stepped up their pursuit for a goalkeeper: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ പുരോഗമിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രയാസം നേരിടുന്നത് ഗോൾകീപ്പറുടെ പ്രകടനത്തിൽ ആണ്. നിലവിൽ മൂന്ന് ഗോൾ കീപ്പർമാർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്‌ക്വാഡിൽ ഉൾപ്പെടുന്നത്. ഇവരിൽ മലയാളി കൂടിയായ സച്ചിൻ സുരേഷ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്സ് കീപ്പർ. യുവ ഗോൾകീപ്പർ സോം കുമാറിനും സീസണിൽ അവസരം ലഭിച്ചു. എന്നാൽ, സോം കുമാറിന്റെ മൈതാനത്തെ പരിചയക്കുറവ് 

ചില വ്യക്തിഗത പിഴവുകളിലേക്ക് വഴിവെക്കുകയും, മത്സരഫലം ടീമിന് എതിരാക്കുകയും ചെയ്തതായി കാണാൻ സാധിച്ചു. അതേസമയം, സച്ചിൻ സുരേഷും മോശം ഫോമിലാണ് തുടരുന്നത്. പല മത്സരങ്ങളിലും സച്ചിൻ സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുന്നതിലേക്ക് നയിച്ചു. എന്നാൽ, സീസണിൽ ഇതുവരെ ഗോവ സ്വദേശിയായ ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ കളിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായിട്ടില്ല. കഴിഞ്ഞ ഐലീഗ് സീസണിൽ ഐസ്വാളിന് വേണ്ടി മികച്ച പ്രകടനം നടത്തിയ നോറ ഫെർണാണ്ടസിനെ, 

2027 വരെ നീണ്ടുനിൽക്കുന്ന മൂന്നു വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ചെയ്തത്. 26-കാരനായ താരത്തിന് ഐഎസ്എൽ സീസണിൽ ഇതുവരെ ഒരു മത്സരം കളിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ, അദ്ദേഹം ടീം വിടാൻ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഭിക്കുന്ന മത്സരസമയം കുറവായതിനാലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങുന്നത്. ഒരുപക്ഷേ ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും ടീം വിടുക. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് പുതിയൊരു ഗോൾകീപ്പറെ 

സ്‌ക്വാഡിൽ എത്തിക്കാൻ ശ്രമിക്കുന്നതായി ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ നിരീക്ഷകൻ ധനഞ്ജയ് കെ ഷേനോയ് റിപ്പോർട്ട് ചെയ്തു. ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുന്നേ തന്നെ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഫലപ്രദമായ നീക്കം നടത്തിയേക്കും. ഒരുപക്ഷേ ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള ചെറിയ കാലാവധിയിൽ ആയിരിക്കും ഗോൾകീപ്പറെ കൊണ്ടുവരിക. മുൻ മോഹൻ ബഗാൻ, ചെന്നൈയിൻ ഗോൾകീപ്പർ ആയ ദേബ്ജിത് മജൂംദർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള ഒരു ഗോൾകീപ്പർ. 36-കാരനായ തരം നിലവിൽ ഈസ്റ്റ് ബംഗാളിന്റെ ഭാഗമാണ്.