Kerala Blasters fixtures in February: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ പ്ലേഓഫ് ലക്ഷ്യമാക്കി മികച്ച മുന്നേറ്റമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ തുടർച്ചയായുള്ള പരാജയങ്ങൾ ടീമിന് തിരിച്ചടിയായെങ്കിലും, ഏറ്റവും ഒടുവിൽ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ പ്ലേഓഫ് സാധ്യതകൾ കേരള ബ്ലാസ്റ്റേഴ്സ് സജീവമായി നിലനിർത്തുകയും ചെയ്തിരിക്കുന്നു. ഫെബ്രുവരി മാസത്തിലേക്ക് കടന്നപ്പോൾ,
ഈ മാസം രണ്ട് മത്സരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ഓരോ ഹോം എവേ മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. അതേസമയം, ശക്തരായ എതിരാളികളെയാണ് കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരങ്ങളിൽ നേരിടേണ്ടി വരുന്നത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 15-നാണ് കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരം ഉള്ളത്. മോഹൻ ബഗാൻ സൂപ്പർ ജിയന്റ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരം
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. നേരത്തെ ഇരു ടീമുകളും കൊൽക്കത്തയിൽ ഏറ്റുമുട്ടിയപ്പോൾ 3-2 എന്ന ആവേശകരമായ സ്കോറിന് മോഹൻ ബഗാൻ വിജയിച്ചിരുന്നു. ഈ തോൽവിക്ക് സ്വന്തം ഗ്രൗണ്ടിൽ മറുപടി നൽകുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഫെബ്രുവരി 22-ന് ഫട്ടോഡ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. നേരത്തെ ഈ സീസണിൽ ഇരു ടീമുകളും കൊച്ചിയിൽ നേർക്കുനേർ വന്നപ്പോൾ, 1-0 ത്തിന് ഗോവയാണ് വിജയിച്ചത്.
രണ്ട് കടുത്ത മത്സരങ്ങളാണ് ഫെബ്രുവരിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് എന്ന കാര്യം തീർച്ചയാണ്. എന്നാൽ, പ്ലേഓഫ് ലക്ഷ്യം വെക്കുന്ന ബ്ലാസ്റ്റേഴ്സിന് ഈ മത്സരങ്ങളിൽ വിജയം നിർണായകമാണ്. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 7 വിജയങ്ങളും 3 സമനിലയും ഉൾപ്പെടെ 24 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് ടേബിൾ എട്ടാം സ്ഥാനത്താണ്. സീസണിൽ 5 മത്സരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഇനി ശേഷിക്കുന്നത്.