സോം കുമാറിനെ തിരികെ അയച്ച് ബ്ലാസ്റ്റേഴ്‌സ്, പുതിയ ഗോൾകീപ്പർ എത്തി

Kerala Blasters make last-minute goalkeeping swap in transfer window: ജനുവരി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം നിർണായക നീക്കം നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ മിഡ്‌ സീസൺ ട്രാൻസ്ഫർ ജാലകത്തിൽ ഇതിനോടകം കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒന്നിലധികം താരങ്ങൾ പുറത്തുപോവുകയും, ഒന്നിലധികം താരങ്ങൾ പുതിയതായി ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിലേക്ക്, ഇപ്പോൾ ശ്രദ്ധേയമായ ഒരു പോക്ക് വരവ് സംഭവിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ 

സോം കുമാർ ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുന്നു. 19-കാരനായ ബംഗളൂരു സ്വദേശിയായ താഴത്തെ സ്ലോവേനിയൻ ക്ലബ്‌ ഒളിമ്പിയ ലുബിയാനയിൽ നിന്ന് ഈ സീസണിന്റെ തുടക്കത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2028 വരെ നീണ്ടുനിൽക്കുന്ന 4 വർഷത്തെ കരാറിൽ ആണ് യുവ ഗോൾകീപ്പറുമായി ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത്. എന്നാൽ, സീസണിൽ ബ്ലാസ്റ്റേഴ്സിൽ പരിമിതമായ അവസരങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചത്. ലഭിച്ച അവസരങ്ങളിൽ പരിചയസമ്പത്ത് കുറവായതിനാൽ 

ഗംഭീര പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, ചെറിയ പ്രായം ആയതിനാൽ കൂടുതൽ മത്സരസമയം ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് ഇപ്പോൾ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുന്നത്. സ്ലോവേനിയയിലേക്ക് തന്നെ മടങ്ങി പോയിരിക്കുകയാണ് സോം കുമാർ. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് പ്രശ്നം തീർക്കാൻ ഒഡീഷ എഫ്സിയുടെ കമൽജിത്ത് സിംഗിനെ മഞ്ഞപ്പട സ്ക്വാഡിൽ എത്തിച്ചു. 29-കാരനായ താരത്തെ സീസൺ അവസാനിക്കുന്നത് വരെ നീണ്ടുനിൽക്കുന്ന 

ലോൺ കോൺട്രാക്ടിൽ ആണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. പഞ്ചാബ് സ്വദേശിയായ കമൽജിത്ത് സിംഗ്, നേരത്തെ ഐഎസ്എല്ലിൽ പൂനെ സിറ്റി, ഹൈദരാബാദ്, ഈസ്റ്റ് ബംഗാൾ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഒഡിഷയുടെ ഒന്നാം നമ്പർ കീപ്പർ ആയി അമരിന്ദർ സിംഗ് തുടരുന്ന സാഹചര്യത്തിൽ, കൂടുതൽ മത്സര സമയം ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് കമൽജിത്ത് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കമൽജിത്ത് സിംഗ് 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.