ഈ ആൺകുട്ടികളാണ് ഞങ്ങളുടെ ഭാവി!! ജീക്സണ് ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ

ഇന്ത്യൻ ഫുട്ബോളിന് നിരവധി കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ 10 വർഷ കാലത്തിനുള്ളിൽ, കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമിയിൽ നിന്ന് വന്ന നിരവധി താരങ്ങൾ, പിന്നീട് ക്ലബ്ബിന്റെ പ്രധാന താരമായി മാറുകയും ദേശീയ ടീമിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരാളാണ് ജിക്സൺ സിംഗ്. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച 

ജിക്സൺ സിംഗിനെ, 2018-ൽ അദ്ദേഹത്തിന്റെ പതിനേഴാം വയസ്സിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. 2019-ൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന്റെ ഭാഗമായ ജിക്സൺ, പിന്നീട് അങ്ങോട്ട് ക്ലബ്ബിന്റെ മധ്യനിരയിൽ സ്ഥിര സാന്നിധ്യമായി. ഇതിനിടെ അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന കളിക്കാരൻ ആയി മാറുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ 5 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ജിക്സൺ സിംഗ് 

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവും നിരാശാജനകവും ആയിരുന്നു. എന്നാൽ, ഇക്കാര്യം തങ്ങൾ ഒരു വർഷം മുൻപേ മനസ്സിലാക്കിയതാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. “ജിക്സന്റെ കാര്യത്തിൽ (ട്രാൻസ്ഫർ), ഞങ്ങൾ ഒരു വർഷം മുൻപ് തയ്യാറായിരുന്നു. ഞങ്ങളുടെ പക്കൽ ഉള്ള (യുവ) കളിക്കാരുടെ കഴിവിൽ ഞങ്ങൾ വിശ്വസിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്‌സ് എസ്ഡി പറഞ്ഞു. 

“ഐമൻ, അസ്ഹർ, സഹീഫ്, സച്ചിൻ തുടങ്ങിയവർ അടങ്ങുന്ന തലമുറയിൽ ഞാൻ വിശ്വസിക്കുന്നു. ഈ ആൺകുട്ടികളാണ് ഭാവി. ഇന്ത്യൻ റിക്രൂട്ട്മെന്റിന്റെ കാര്യത്തിൽ ഞങ്ങൾ അത്ര സജീവമായിരുന്നില്ല, കാരണം ഞങ്ങൾക്ക് ഗുണനിലവാരവും കഴിവും അഭിലാഷവും ഉള്ള കളിക്കാർ ഉണ്ട്,” സ്പോർട്ടിംഗ് ഡയറക്ടർ കൂട്ടിച്ചേർത്തു. അതേസമയം, ആഭ്യന്തര കളിക്കാരെ സംബന്ധിച്ചുള്ള തങ്ങളുടെ ട്രാൻസ്ഫർ നയം, ആഭ്യന്തര കളിക്കാർക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ട എന്നതാണ്. പകരം ഞങ്ങളുടെ യുവ കളിക്കാരെ ഭാവി മുന്നിൽ കണ്ടുകൊണ്ട് വളർത്തിക്കൊണ്ടു വരിക എന്നതാണ് ലക്ഷ്യം എന്നും കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. Kerala Blasters sporting director reveals transfer policy for domestic players