കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ദയനീയ ഫോമിൽ നിന്ന് കരകയറാൻ, ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ചില കളിക്കാരെ സ്ക്വാഡിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. ഈ കൂട്ടത്തിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും ഉൾപ്പെടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, പുതിയ കളിക്കാർ വരുമ്പോൾ, സ്‌ക്വാഡിലെ ചില താരങ്ങൾ ടീം വിടും എന്ന കാര്യം തീർച്ചയാണ്. ഇതിന്റെ ആദ്യ പ്രഖ്യാപനം ഇതിനോടകം,
കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കഴിഞ്ഞു. ഇന്ത്യൻ ഡിഫൻഡർ പ്രബീർ ദാസ് ലോൺ അടിസ്ഥാനത്തിൽ മുംബൈ സിറ്റിയിലേക്ക് മാറിയതായി കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞദിവസം അറിയിച്ചു. എന്നാൽ, ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം, പ്രതിരോധ നിര ശക്തിപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സൈനിംഗുകൾ നടത്താൻ ഒരുങ്ങുകയാണ്. ഇതിനായി കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ മാർക്കോ ലെസ്കോവിക്കുമായി ടീം ചർച്ച നടത്തിയതായി ഇന്ത്യൻ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2021 മുതൽ 2024 വരെ മൂന്നു വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിൽ ചെലവഴിച്ച മാർക്കോ ലെസ്കോവിക്, മഞ്ഞപ്പടക്ക് വേണ്ടി 48 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആയും സേവനമനുഷ്ഠിച്ച ഈ ക്രൊയേഷ്യൻ സെന്റർ ബാക്ക്, ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തു. 2023-24 സീസണിൽ പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്ടമായ ലെസ്കോവിക്, കരാർ അവസാനിച്ചതിന് പിന്നാലെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നിലവിൽ,
ക്രൊയേഷ്യൻ ക്ലബ് എൻകെ സ്ലാവൻ ബെലുപോയുടെ താരമാണ് ലെസ്കോവിക്. എന്നാൽ, 33-കാരനായ താരത്തിന് ഈ സീസണിൽ ഇതുവരെ ഒരു മത്സരം മാത്രമാണ് ക്ലബ്ബിനുവേണ്ടി കളിക്കാൻ സാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ തിരികെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. അതേസമയം, ആർക്കു പകരമാകും ലെസ്കോവിക് വരിക എന്ന കാര്യത്തിൽ തീർച്ചയില്ല. നിലവിൽ സ്ട്രൈക്കർ ജീസസ് ജിമിനാസ് പരിക്കിന്റെ പിടിയിൽ ആണെങ്കിലും, അദ്ദേഹത്തിന് സീസൺ നഷ്ടമാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. Kerala Blasters talks with former player Marko Leskovic to return