പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ഇന്റർനാഷണൽ അനസ് എടത്തൊടിക്ക, ഇപ്പോൾ പുതിയ ഒരു ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി 21 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ മലയാളി സെന്റർ ബാക്ക്, തന്റെ കരിയറിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൂപ്പർ ലീഗ് കേരള ടീം ആയ മലപ്പുറം എഫ്സിക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ഇപ്പോൾ, ഫുട്ബോളിൽ തന്നെ മറ്റൊരു മേഖലയിലേക്ക് കടന്നിരിക്കുകയാണ് അനസ്.
37-ാം വയസ്സിൽ കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അനസ് എടത്തൊടിക്ക, ഇപ്പോൾ സ്കൗട്ടിംഗ് ഡയറക്ടറായി ആണ് കരിയറിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. സൂപ്പർ ലീഗ് കേരള ക്ലബ്ബ് ആയ മലപ്പുറം എഫ് സിയുടെ സ്കൗട്ടിംഗ് ഡയറക്ടറായി ആണ് അദ്ദേഹം ചുമതല ഏറ്റിരിക്കുന്നത്. അടുത്ത സീസണിലേക്ക് ആണ് ക്ലബ്ബ് ഉടമകൾ അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുന്നത്. മലപ്പുറത്തിന്റെ സ്വന്തം ക്ലബ്ബിനുവേണ്ടി പുതിയ ഉത്തരവാദിത്വം നിർവഹിക്കാൻ,
താൻ സന്തോഷവാനാണെന്നും തയ്യാറാണെന്നും അനസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള ഫുട്ബോൾ ലോകത്തുനിന്ന് മികച്ച പ്രതിമകളെ കണ്ടെത്തി, അവരെ മലപ്പുറം എഫ്സിയിലേക്ക് കൊണ്ടുവരിക എന്നാണ് അനസിന്റെ ദൗത്യം. മലപ്പുറം എഫ് സി ക്ലബ്ബിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്നതിനൊപ്പം തന്നെ, കേരളത്തിലെ മികച്ച ഫുട്ബോൾ താരങ്ങളെ വളർത്തിക്കൊണ്ടുവരിക എന്ന ഉത്തരവാദിത്വവും അനസിന് ഉണ്ട്. ഇത് അദ്ദേഹം ഭംഗിയായി നിർവഹിക്കും എന്ന് തന്നെയാണ് ക്ലബ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.
2007-ൽ മുംബൈ എഫ്സിയിലൂടെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ച അനസ് എടത്തൊടിക്ക, പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ഭാഗമായി. ഡൽഹി ഡൈനാമോസ്, ജംഷഡ്പൂർ, കേരള ബ്ലാസ്റ്റേഴ്സ്, എടികെ തുടങ്ങിയ ടീമുകൾക്ക് വേണ്ടി അദ്ദേഹം ഐഎസ്എല്ലിൽ കളിച്ചു. ഐ ലീഗിൽ ഗോകുലം കേരളക്ക് വേണ്ടിയും കളിച്ച അനസ് എടത്തൊടിക്ക, ഏറ്റവും ഒടുവിൽ പ്രഥമ സൂപ്പർ ലീഗ് കേരള സീസണിന്റെ ഭാഗവും ആയി. ഇപ്പോൾ, ഫുട്ബോളിൽ പുതിയ ഒരു ലോകത്തേക്ക് അനസ് കടന്നിരിക്കുന്നു. Kerala football hero Anas Edathodikka takes on new role as scouting director