പ്രീമിയർ ലീഗ് വമ്പന്മാർക്കെതിരെ കുഞ്ഞന്മാർ തിളങ്ങി, സർപ്രൈസ് ഒളിപ്പിച്ച മത്സരങ്ങൾ

Premier League Matchday 21: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗംഭീരമായ മത്സരങ്ങളാണ് കഴിഞ്ഞ രാത്രി നടന്നത്. വമ്പൻ ടീമുകളെ കുഞ്ഞൻ ടീമുകൾ ഞെട്ടിക്കുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കണ്ടത്. പ്രീമിയർ ലീഗ് 2024-25 സീസൺ 21-ാം മാച്ച്ഡേയിൽ ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ എല്ലാം കഴിഞ്ഞ രാത്രിയിൽ മത്സരത്തിനിറങ്ങി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബേൺമൗത്ത് ആയിരുന്നു ചെൽസിയുടെ എതിരാളികൾ. 

ലേറ്റ് ഗെയിം ഗോൾ കണ്ട മത്സരം, 2-2 സമനിലയിൽ പിരിയുകയായിരുന്നു. കോൾ പാമറിലൂടെ ആദ്യം ലീഡ് നേടിയ ചെൽസി, പിന്നീട് മത്സരത്തിൽ പിറകോട്ട് പോവുകയായിരുന്നു. ബേൺമൗത്തിന് വേണ്ടി ജസ്റ്റിൻ ക്ലുവേട്ട്, അന്തോണി സെമെന്യോ എന്നിവർ ഗോളുകൾ കണ്ടെത്തി. ഇഞ്ചുറി മിനിറ്റുകളുടെ അവസാന വേളയിൽ റീസ് ജെയിംസ് ആണ് ചെൽസിയുടെ സമനില ഗോൾ നേടിയത്. ഇന്നലെ രാത്രി നടന്ന മറ്റൊരു മത്സരം, ബ്രന്റ്ഫോഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ആയിരുന്നു. 

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടിയ മത്സരവും 2-2 സമനിലയിൽ കലാശിക്കുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, നാലു ഗോളുകളും രണ്ടാം പകുതിയുടെ അവസാന 30 മിനിറ്റിൽ ആണ് പിറന്നത്. രണ്ട് ഗോളുകൾക്ക് ലീഡ് നേടിയ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ, 82-ാം മിനിറ്റിൽ യോനെ വിസ്സയും, 90+2-ാം മിനിറ്റിൽ ക്രിസ്ത്യൻ നോഗാഡും ഗോളുകൾ നേടുകയായിരുന്നു. ഇന്നലെ ടേബിൾ ടോപ്പർമാർ തമ്മിലുള്ള പോരാട്ടവും നടന്നു. 

ഒന്നാം സ്ഥാനക്കാരായ ലിവർപൂളും രണ്ടാം സ്ഥാനക്കാരായ നോട്ടിങ്ഹാം ഫോറസ്റ്റും തമ്മിൽ നടന്ന മത്സരം 1-1 സമനിലയിൽ അവസാനിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി ക്രിസ് വുഡ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടിയപ്പോൾ, രണ്ടാം പകുതിയും ഡിയോഗോ ജോട്ടയാണ് ലിവർപൂളിന്റെ സമനില ഗോൾ കണ്ടെത്തിയത്. നിലവിൽ പ്രീമിയർ ലീഗ് പോയന്റ് പട്ടിക ഒന്ന് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ യഥാക്രമം ലിവർപൂൾ, നോട്ടിങ്ഹാം ഫോറസ്റ്റ്, ആഴ്സനൽ, ചെൽസി എന്നീ ടീമുകൾ തുടരുന്നു. Chelsea, Liverpool, and Man City held in thrilling draws