Purushothaman highlights Kerala Blasters FC’s teamwork after win over Punjab FC: ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ജയത്തിന് ശേഷം കളിക്കാരുടെ കൂട്ടായ പ്രവർത്തനത്തെയും പോരാട്ട വീര്യത്തെയും പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജയത്തിന് ശേഷം ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഒമ്പത് പേരായി ചുരുങ്ങിയ ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജയിച്ചു കയറിയത്.
ആദ്യ പകുതിയിൽ നോവ സദൗയി പെനാൽറ്റിയിലൂടെ കണ്ടെത്തിയ ഗോളാണ് മത്സരത്തിൽ വഴിത്തിരിവായത്. എണ്ണത്തിൽ ചുരുങ്ങിയിട്ടും, ബസ് പാർക്കിങ്ങിലൂടെ പ്രതിരോധത്തിൽ ടീം കെട്ടിയ ഉരുക്കുകോട്ട പൊളിക്കുന്നതിൽ പഞ്ചാബിന് സാധിച്ചില്ല. “ഇതൊരു കടുത്ത മത്സരമായിരുന്നു, പ്രത്യേകിച്ച് എവേ ആയതിനാൽ.” – ടിജി പുരുഷോത്തമൻ പറഞ്ഞു. “ആധിപത്യം പുലർത്തിയെങ്കിലും ചുവപ്പ് കാർഡിന് ശേഷം ഞങ്ങൾ പതറി. താരങ്ങൾ വളരെ കഴിവുള്ളവരും സാങ്കേതികമായി മികച്ചവരുമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഞങ്ങൾക്ക് ആവശ്യമായ തന്ത്രങ്ങളുമായി അവർ വേഗത്തിൽ പൊരുത്തപ്പെട്ടു. എളുപ്പമല്ലെങ്കിലും അവരത് നന്നായി പ്രദർശിപ്പിച്ചു. ഏറ്റവുമൊടുവിൽ ഇതെല്ലം കൂട്ടായ പ്രവർത്തനമായിരുന്നു. ഒരു ടീമെന്ന നിലയിൽ, ഞങ്ങൾ മത്സരം വിജയിച്ചു, അതാണ് പ്രധാനം.”
ഇന്നത്തെ മത്സരത്തിലെ നിർണായക വഴിത്തിരിവായിരുന്നു രണ്ടാം പകുതിയിലെ ചുവപ്പുകാർഡുകൾ. ലീഡിൽ നിൽക്കെ മിലോസ് ഡ്രിൻസിച്ച് കളിയിലെ രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയും ഐബൻഭ ഡോഹ്‌ലിംഗ് ചുവപ്പ് കാർഡും കണ്ടെത്തിയും കളം വിട്ടപ്പോൾ തലസ്ഥാനനഗരിയിൽ മൈതാനത്ത് ഉയർന്നത് ഒരായിരം ചോദ്യങ്ങൾ. “പ്രതിരോധത്തിൽ അച്ചടക്കം പാലിക്കപ്പെട്ടില്ലെങ്കിലും ഒരു ക്ലീൻ ഷീറ്റ് നേടാൻ ഞങ്ങൾക്ക് കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ്. ചുവപ്പ് കാർഡുകൾ ചിലപ്പോൾ സംഭവിക്കും – ഞാൻ കുറ്റപ്പെടുത്തുകയോ ആർക്കുനേരെയും വിരൽ ചൂണ്ടുകയോ ചെയ്യുന്നില്ല. അങ്ങനെ സംഭവിച്ചാൽ, അത് ടീമിനും ഓരോ വ്യക്തിക്കുമുള്ളതാണ്. അത്തരം പ്രതിസന്ധികളെ ഒരുമിച്ച് തരണം ചെയ്യേണ്ടത് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എനിക്കും ഞങ്ങൾക്കും ഏറ്റവും പ്രധാനമാണ്.”
എന്നാൽ, ഹ്രസ്വകാലത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ടീമിൽ നിന്നും പ്രതീക്ഷിക്കാനാകില്ലെന്ന് ഇടക്കാല പരിശീലകൻ ആവർത്തിച്ചു. സമയമെടുക്കുമെന്നും ഓരോ മത്സരമായി മെച്ചപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാനാവില്ല. ഹ്രസ്വകാലത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കാണാനുമാകില്ല. അതിന് സമയമെടുക്കും. ഞങ്ങൾ പുരോഗമിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ കുറച്ചു കുറച്ചായി മെച്ചപ്പെടും. ടീമിനെ സംഘടിപ്പിക്കുന്നതിലും ആക്രമണത്തിലെ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിൽ തുടർന്നും പ്രവർത്തിക്കും.” – അദ്ദേഹം അറിയിച്ചു.