കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ തോൽവി, വ്യത്യസ്‌ത വീക്ഷണങ്ങൾ പങ്കുവെച്ച് രാഹുൽ കെപിയും ജീസസ് ജിമെനെസും

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരത്തിൽ അപ്രതീക്ഷിത പരാജയം ആണ് പഞ്ചാബിനോട് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഗോൾരഹിത സമനില പാലിച്ച ഇരു ടീമുകളും, മത്സരത്തിന്റെ അവസാന 10 മിനിറ്റിൽ ആണ് ഗോളുകൾ സ്കോർ ചെയ്തത്. പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ പഞ്ചാബിനെതിരെ, ഇഞ്ചുറി മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ കണ്ടെത്തിയെങ്കിലും, 

ഒരു നിമിഷത്തെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പിഴവ്, പഞ്ചാബിന് വിജയ ഗോൾ നേടിക്കൊടുത്തു. മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി പ്രതികരിച്ചു. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും, ആരാധകരും ടീമും പോസിറ്റീവ് ആയി തുടരേണ്ടതുണ്ട് എന്ന് രാഹുൽ പറഞ്ഞു. “നമ്മൾ പോസിറ്റീവായി തുടരേണ്ടതുണ്ട്, ഇത് വെറും ആദ്യ ഗെയിം ആണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഞങ്ങൾ ഉത്തരവാദിത്വം 

ഏറ്റെടുക്കണമെന്ന് എനിക്ക് തോന്നുന്നു, നെഗറ്റീവ് ആയി ഒന്നും സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പോസിറ്റീവ് ആയി കാണാനും നേരെ അടുത്തതിലേക്ക് പോകാനും മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ,” മത്സരശേഷം രാഹുൽ പ്രതികരിച്ചു. എന്നാൽ, രാഹുലിന്റെ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർ ജീസസ് ജിമിനസ് പ്രതികരിച്ചത്. “ഇത് ഞങ്ങൾ പ്രതീക്ഷിച്ച ഫലം ആയിരുന്നില്ല, 

പക്ഷെ ഇത് വെറും ആദ്യത്തെ മത്സരമാണ്, ഞങ്ങൾ ജോലിയിൽ തുടരുകയും തെറ്റുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്,” ജീസസ് ജിമിനസ് മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെറ്റുകൾ മനസ്സിലാക്കാനുള്ള ആദ്യത്തെ മത്സരമായിരുന്നു ഇത് എന്ന് സ്പാനിഷ് താരം പ്രതികരിച്ചപ്പോൾ, ആദ്യത്തെ മത്സരം ആണ് എന്നത് തോൽവിയുടെ കാരണമായി പറയാൻ കഴിയില്ല എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും ആയിരുന്നു രാഹുലിന്റെ പ്രതികരണം. Rahul KP and Jesus Jimenez share contrasting views on Kerala Blasters ISL opening loss