ലൂണ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിക്കുമോ? കോച്ച് മൈക്കൽ സ്റ്റാഹ്രെ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്റെ ലഭ്യത മറച്ചുവെക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ (സെപ്റ്റംബർ 29) ഞായറാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗുവാഹത്തിയിൽ നേരിടാൻ ഒരുങ്ങുമ്പോൾ, ആരാധകർ ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മടങ്ങിവരവിലാണ്. ഡെങ്കി ഫീവർ മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളും നഷ്ടമായ അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഗുവാഹത്തിയിൽ എത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് നിലനിൽക്കുകയാണ്. ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ 

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ ടീമുമായി ബന്ധപ്പെട്ട വ്യത്യസ്ത കാര്യങ്ങൾ സംസാരിച്ചു. എന്നാൽ, അഡ്രിയാൻ ലൂണ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ കളിക്കാൻ ലഭ്യമാണോ എന്ന് ചോദ്യത്തിന്, “അത് നിങ്ങൾക്ക് നാളെ കാണാം,” എന്നായിരുന്നു പരിശീലകന്റെ മറുപടി. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വീണ്ടും ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നു. എന്നാൽ, ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തന്റെ അസുഖത്തിന്റെ അപ്ഡേറ്റ് അഡ്രിയാൻ ലൂണ പങ്കുവെച്ചു. 

നിങ്ങൾ പൂർണ്ണമായും സുഖം പ്രാപിച്ചിട്ടുണ്ടോ? എന്ന ചോദ്യകർത്താവിന്റെ ചോദ്യത്തിന്, “ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു. സത്യം പറഞ്ഞാൽ, അസുഖം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, അത് എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. ഇപ്പോൾ ഞാൻ ക്രമേണ പരിശീലനം ആരംഭിക്കുന്നു. ഞാൻ ഉടൻതന്നെ കോച്ചിന് ലഭ്യമാകും,” അഡ്രിയാൻ ലൂണ മറുപടി നൽകി. ലൂണയുടെയും പരിശീലകന്റെയും വാക്കുകളിൽ ഉറുഗ്വായ് താരത്തിന്റെ തിരിച്ചുവരവിൽ ശുഭ സൂചന പ്രകടമാണെങ്കിലും, വ്യക്തത ഇല്ല. 

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ, ഒരുപക്ഷേ ലൂണ ആദ്യ ഇലവനിൽ ഇല്ലെങ്കിലും പകരക്കാരനായിയെങ്കിലും ഐഎസ്എൽ 2024/25 സീസണിന് അദ്ദേഹം തുടക്കം കുറിക്കും എന്ന് തന്നെയാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ, ഒരു വിജയവും ഒരു പരാജയവും ആണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഞായറാഴ്ച നടക്കാനിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ എവേ മത്സരം കൂടിയാണ്. ടൂർണമെന്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മികച്ച ഫോമിൽ ആണ് എന്നതും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്നു. Stahre response leaves fans guessing on Adrian Luna return