ബെംഗളൂരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ തോൽവിക്ക് മൂന്ന് കാരണങ്ങൾ, പരിശോധിക്കാം

ബംഗളുരു എഫ്സിക്കെതിരെ 3-1 ന് ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ സമയം പന്ത് കൈവശം വെച്ചും, ആക്രമിച്ച് കളിച്ചും കേരള ബ്ലാസ്റ്റേഴ്സ് കളം നിറയുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. എന്നാൽ, മത്സര ഫലം കേരള ബ്ലാസ്റ്റേഴ്സിന് എതിരായി മാറി. പ്രധാനമായും മൂന്ന് പോരായ്മകൾ ആണ് ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. 

ഒന്നാമത്, വ്യക്തിഗത പിഴവുകൾ. ടീം മികച്ച രീതിയിൽ കളിക്കുമ്പോഴും ചില താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പിഴവുകൾ ഫലം എതിരാക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു ഇന്നത്തെ മത്സരം. കേരള ബ്ലാസ്റ്റേഴ്സ് സെന്റർബാക്ക് പ്രീതം കോട്ടലിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ അശ്രദ്ധയാണ് ബംഗളൂരുവിന് ആദ്യ ഗോൾ നേടാൻ സഹായമായത്. ഗോൾകീപ്പർ സോം കുമാറിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവ്, സന്ദർശകർക്ക് രണ്ടാമത്തെ ഗോൾ കണ്ടെത്താനും വഴിയൊരുക്കി. രണ്ടാമത്, ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. മത്സരത്തിൽ നിരവധി ഗോൾ അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ സൃഷ്ടിച്ചെങ്കിലും,

ബോൾ ലക്ഷ്യത്തിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. പ്രധാനമായും എടുത്തുപറയേണ്ടത് സ്ട്രൈക്കർ ജീസസ് ജിമിനസിനെയാണ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒന്നിലധികം ഗോൾശ്രമങ്ങളും, നിരവധി മുന്നേറ്റങ്ങളും, പെനാൽറ്റിയിലൂടെ ഒരു ഗോളും ജീസസ് ജിമിനസ് കാഴ്ചവെച്ചെങ്കിലും, മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജീസസ് ജിമിനസ് പലപ്പോഴും അദ്ദേഹത്തിന്റെ പൊസിഷനിൽ ഉണ്ടായിരുന്നില്ല. നവോച്ച, പെപ്ര എന്നിവർ ഇടത് വിംഗിൽ നിന്ന് തുടർച്ചയായി ക്രോസുകളും അവസരങ്ങളും നൽകിയപ്പോൾ,

അതിൽ ഒരു ശ്രമം നടത്താൻ പോലും ജിമിനസിന് സാധിച്ചില്ല. മുഹമ്മദ്‌ ഐമൻ, രാഹുൽ കെപി എന്നീ വേഗതയേറിയ ഇന്ത്യൻ മിഡ്ഫീൽഡർമാരെ പുറത്തിരുത്തി, പകരം ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ, കോഫ് എന്നിവരെ പരിശീലകൻ മധ്യനിരയിൽ വന്യസിച്ചപ്പോൾ, വിബിന്റെ ഭാഗത്തുനിന്ന് വ്യക്തിഗത പ്രകടനം ഉണ്ടായിരുന്നെങ്കിൽ പോലും, മിഡ്ഫീൽഡിൽ കേരള ബ്ലാസ്റ്റേഴ്സിന് പന്തടക്കത്തിലും മുന്നേറ്റത്തിലും പൂർണ്ണ പങ്കാളിത്തം ഉണ്ടാക്കാൻ ആയില്ല. | Three reasons for Kerala Blasters defeat against Bengaluru