കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ഇനി ഹെഡ് കോച്ച്, ഐഎസ്എൽ ക്ലബ് ഓഫർ

Tomasz Tchorz will be at another ISL club: കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മാനേജേരിയൽ മേഖലയിൽ വലിയ സങ്കീർണതകൾ നേരിട്ട ഐഎസ്എൽ സീസൺ ആണ് ഇപ്പോൾ കടന്നുപോയത്. ഏറെ പ്രതീക്ഷകളോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായുള്ള ചുമതല ഏറ്റെടുത്ത മൈക്കിൾ സ്റ്റാഹ്രെ എന്ന സ്വീഡിഷ് പരിശീലകൻ, ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്ന് പുറത്താക്കപ്പെട്ടപ്പോൾ,

ഉടൻ തന്നെ പുതിയ മുഖ്യ പരിശീലകനെ നിയമിക്കും എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രഖ്യാപിച്ചത്. തുടർന്ന്, സഹ പരിശീലകർ ആയിരുന്ന ടിജി പുരുഷോത്തമൻ, തൊമാസ് ചോഴ്സ് എന്നിവർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക ചുമതല നൽകുകയും ചെയ്തു. എന്നാൽ, താൽക്കാലിക പരിശീലകർക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി വിജയിക്കുന്നതും പോയിന്റുകൾ നേടുന്നതും കാണാൻ സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലും,

മാനേജ്മെന്റിന് മികച്ച ഒരു മുഖ്യ പരിശീലകനെ കണ്ടെത്താൻ സാധിക്കാതെ പോയതും സീസൺ മുഴുവൻ താൽക്കാലിക പരിശീലകരെ കൊണ്ട് തുടരാൻ കാരണമായി. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക നിരയിൽ മികച്ച നിലവാരം കാഴ്ചവച്ച പോളിഷ് പരിശീലകൻ തൊമാസ് ചോഴ്സിനായി മറ്റു ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരിക്കുകയാണ്. ഏറെക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അക്കാദമി ഹെഡ് ആയി പ്രവർത്തിച്ച തൊമാസ് ചോഴ്സ്, അടുത്തിടെയാണ് കോച്ചിംഗ് ലൈസൻസ് നേടിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഐഎസ്എൽ ക്ലബ്ബ് ആയ ഹൈദരാബാദ് എഫ് സി ആണ് തൊമാസ് ചോഴ്സിനെ അടുത്ത സീസണിലേക്ക് മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഹൈദരാബാദ് എഫ്സി മാനേജ്മെന്റ് തൊമാസ് ചോഴ്സുമായി ചർച്ച നടത്തിയതായും, വാക്കാൽ കരാറിൽ എത്തിയതായും വിവിധ ദേശീയ കായിക ജേണലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഐഎസ്എൽ പ്ലേഓഫിന് ശേഷം നടക്കാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പുതിയ മുഖ്യ പരിശീലകനെ നിയമിക്കും എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.