“കോച്ചിംഗ് സ്റ്റാഫുകളെ പുറത്താക്കുന്നത് എളുപ്പമാണ്” വ്യക്തിഗത പിഴവ് തുറന്നടിച്ച് സ്റ്റാഹ്രെ

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് മുഖ്യ പരിശീലകൻ ഉൾപ്പെടെ പരിശീലക സംഘത്തിലെ മൂന്നുപേരെ പുറത്താക്കി നടപടി സ്വീകരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഏറ്റവും ഒടുവിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ മോഹൻ ബഗാനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതിന് പിന്നാലെ ആണ്, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ, മുഖ്യ പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ കേരളം വിട്ടു. ഇതിന് മുന്നോടിയായി, 

എയർപോർട്ടിൽ മാധ്യമങ്ങളെ കണ്ട സ്റ്റാഹ്രെ, ചില അഭിപ്രായങ്ങൾ തുറന്നടിച്ചു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എടുത്ത തീരുമാനത്തെ താൻ അംഗീകരിക്കുന്നു എന്ന് പറഞ്ഞ സ്റ്റാഹ്രെ, പരിഹാസ രൂപേണെ അതിനെ വിമർശിക്കുകയും ചെയ്തു. “[ടീമിലെ] മുഴുവൻ കളിക്കാരെ മാറ്റുന്നതിനേക്കാൾ ഒന്നോ രണ്ടോ കോച്ചിംഗ് സ്റ്റാഫുകളെ പുറത്താക്കുന്നത് എളുപ്പമാണ്, അതിനാൽ ഞാൻ ഈ തീരുമാനത്തെ പൂർണമായും മാനിക്കുന്നു,” സ്റ്റാഹ്രെ പ്രതികരിച്ചു. കൂടാതെ ചില താരങ്ങളുടെ പേര് അദ്ദേഹം എടുത്തു പറയുകയും ചെയ്തു. 

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് തന്റെ കളിക്കാരുടെ പേരിൽ മുൻപ് ഒരിക്കലും പഴിചാരാത്ത പരിശീലകനാണ് സ്റ്റാഹ്രെ. എന്നാൽ, നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയ ജീസസ് ജിമിനസിനെ സൈൻ ചെയ്യാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ടീമിന്റെ പ്രകടനത്തെ ബാധിച്ചു എന്ന് സ്റ്റാഹ്രെ തുറന്നടിച്ചു. “ജീസസ് [ജിമിനസ്] ടീമിൽ [ലീഗ് ആരംഭിക്കുന്നതിന്] രണ്ടോ മൂന്നോ ആഴ്ച മുമ്പ് ഉണ്ടായിരുന്നെങ്കിൽ, പ്രീ സീസണിൽ [അഡ്രിയാൻ] ലൂണക്ക്‌ അസുഖ ഇല്ലായിരുന്നുവെങ്കിൽ, അത് ജയവും തോൽവിയും തമ്മിലുള്ള വ്യത്യാസമാണ്. 

പല കളികളിലും ഞങ്ങൾ തോൽവിയെക്കാൾ മികച്ചത് അർഹിച്ചിരുന്നു,” സ്റ്റാഹ്രെ പറഞ്ഞു. അതേസമയം നിർണായകമായ ഒരു കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേർത്തു, “ഞങ്ങൾ വളരെയധികം വ്യക്തിഗത തെറ്റുകൾ വരുത്തി, തീർച്ചയായും ഗോൾകീപ്പർക്ക് കൂടുതൽ ഷോട്ടുകൾ സേവ് ചെയ്യേണ്ടതുണ്ട്.” കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം വശമായി ഇപ്പോൾ കാണുന്നതിൽ ഒന്നാണ് ഗോൾകീപ്പിംഗ്. പല മത്സരങ്ങളിലും സ്റ്റാഹ്രെ പറഞ്ഞത് പോലെ തന്നെ ഇത്തരം വ്യക്തിഗത പിഴവുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് വിജയം പിടിച്ചെടുത്തത്. 

Summary: Too Many Individual Mistakes – Stahre Reflects on Kerala Blasters Struggles