വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ, ലീഗിലെ തുടർച്ചയായ മൂന്നാം പരാജയത്തിന്റെ കൈപ്പ് അറിഞ്ഞിരിക്കുകയാണ് മഞ്ഞപ്പട. ഇതുവരെ കളിച്ച ആകെ 8 മത്സരങ്ങളിൽ ഇതോടെ നാലിലും പരാജയപ്പെട്ടിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് മത്സരങ്ങൾ മാത്രം വിജയിച്ച ടീം നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. കടലാസിൽ ബ്ലാസ്റ്റേഴ്സിനോട് താരതമ്യം ചെയ്യുമ്പോൾ
ചെറിയ എതിരാളികൾ ആയിരുന്നിട്ടും, ഹൈദരാബാദിനോട് സ്വന്തം കാണികൾക്ക് മുന്നിൽ ദയനീയ പരാജയം വഴങ്ങിയതോടെ ആരാധകരോട് ഏറ്റുപറച്ചിലുമായി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. തങ്ങൾ മോശം സമയത്തിലൂടെ കടന്നു പോവുകയാണ് എന്നും, എല്ലാവരും ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണ് ഇത് എന്നും ലൂണ ആഹ്വാനം ചെയ്തു. “ഇത് സീസണിലെ ബുദ്ധിമുട്ടുള്ള സമയമാണ്, അത് നമുക്കെല്ലാവർക്കും അറിയാം. എല്ലാ ഗെയിമുകളിലും ഞങ്ങൾ എല്ലാം നൽകുന്നു, പക്ഷേ പോയിൻ്റുകൾ നേടാൻ ഇത് പര്യാപ്തമല്ല,” ലൂണ പറഞ്ഞു.
“ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണിത്. ഞങ്ങൾ മോശമായ സമയങ്ങളിലൂടെ കടന്നുപോയി, ഞങ്ങൾ മുന്നോട്ട് വന്നിരിക്കുന്നു, ഇത് അപവാദമായിരിക്കില്ല. ഞങ്ങൾ എല്ലാവരും ഒരുമിച്ച് വലിക്കുന്നു, ഞങ്ങൾ ഈ സാഹചര്യം മാറ്റാൻ പോകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആരുടെ നേരെയും വിരൽ ചുണ്ടാൻ സമയം ആയിട്ടില്ല എന്നും, ആരാധകർക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തന്റെ നേരെ ആകാം എന്നും ലൂണ പ്രതികരിച്ചു.
“വളരെ വ്യക്തമായ ഒരു കാര്യമുണ്ട്, ആരുടെയും നേരെ വിരൽ ചൂണ്ടാൻ സമയമായിട്ടില്ല, എന്നാൽ അങ്ങനെ ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, എന്നോട് അത് ചെയ്യുക. നിങ്ങളുടെ നിരുപാധിക പിന്തുണയ്ക്ക് നന്ദി! ഉടൻ കലൂരിൽ കാണാം,” കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ വികാരപരമായിയാണ് പ്രതികരിച്ചതെങ്കിലും, ടീമിന്റെ മോശം പ്രകടനത്തിൽ ആരാധകർ അസ്വസ്ഥരാണ്. Adrian Luna emotional response after Kerala Blasters loss streak