കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ് മഞ്ഞപ്പട ആരാധകർ. അതുകൊണ്ടുതന്നെ തങ്ങളുടെ ടീമിന് വേണ്ടി ഒരു മത്സരം എങ്കിലും കളിച്ച കളിക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എക്കാലത്തും തിരിച്ചറിയുകയും അവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 2014-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ധാരാളം ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും കളിച്ചിട്ടുണ്ട്. അവരിൽ ചിലരെ വീണ്ടും ഓർമ്മപ്പെടുത്തുന്നതിന്
ഫുട്ബോൾ എക്സ്ട്രാ ആരംഭിച്ചിരിക്കുന്ന പുതിയ കാറ്റഗറി ആണ് ‘മീറ്റ് ദി കേരള ബ്ലാസ്റ്റേഴ്‌സ് ലെജൻഡ്’. നിങ്ങൾ ഇപ്പോഴും ഓർക്കുന്ന ഏറെ ഇഷ്ടമുള്ള മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ, നിലവിൽ എന്ത് ചെയ്യുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ സെക്ഷനിൽ ഉൾപ്പെടുത്തുന്നു. ഇന്ന് രണ്ട് താരങ്ങളെ കുറിച്ചാണ് ഓർക്കുന്നത്. 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ സജീവമായ രണ്ട് ആഫ്രിക്കൻ സെന്റർ ബാക്കുകൾ, കോസ്റ്റ നമൊഇനെസു – ബകാരി കോനെ. ഇവർ രണ്ടുപേരും ഒരു സീസണിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്.
സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം അത്ര മികച്ചത് അല്ലായിരുന്നുവെങ്കിലും, ഈ രണ്ട് കളിക്കാരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻ സിംബാബ്‌വെ ഇന്റർനാഷണൽ കോസ്റ്റ നമൊഇനെസു, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽനിന്ന് അദ്ദേഹം രണ്ട് ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചതിനു ശേഷം, ഒരു സീസൺ പോളണ്ടിൽ ചെലവഴിച്ച കോസ്റ്റ നമൊഇനെസു, 2022-ൽ ഫുട്ബോളിൽ നിന്ന് വിരമിക്കുകയും അദ്ദേഹത്തിന്റെ മുൻ ക്ലബ് ആയ സ്പാർട്ട പ്രാഹയുടെ സ്കൗട്ട് സ്റ്റാഫ് ആയി സ്ഥാനം ഏൽക്കുകയും ചെയ്തു.
സിംബാബ്‌വെക്കായി 11 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച കോസ്റ്റ നമൊഇനെസു, ഒരു ഗോൾ സ്കോർ ചെയ്തിട്ടുണ്ട്. മറുവശത്ത്, ബുർക്കിന ഫാസോ ഇന്റർനാഷണൽ ആണ് ബകാരി കോനെ. 2006 – 2019 കാലയളവിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച ബകാരി കോനെ, 83 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2020-21 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച ബകാരി കോനെ, മഞ്ഞപ്പടയിൽ നിന്നാണ് തന്റെ ഫുട്ബോൾ കരിയറിന് വിരാമം കുറിച്ചത്. ഈ ആർട്ടിക്കിൾ അവകാശം ഫുട്‍ബോൾ എക്സ്ട്രാ Costa Nhamoinesu and Bakary Kone meet the Kerala Blasters legend