കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (ഓഗസ്റ്റ് 1) സീസണിലെ ആദ്യ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഡ്യുറണ്ട് കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തരായ മുംബൈ സിറ്റിയെ നേരിടും. മത്സരം വൈകീട്ട് ഏഴുമണിക്ക് കൊൽക്കത്തയിൽ നടക്കും. പുതിയ പരിശീലകൻ മൈക്കിൽ സ്റ്റാറെയുടെ കീഴിൽ കളിക്കാൻ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, വലിയ പ്രതീക്ഷയാണ് വരും സീസണിൽ വെച്ച് പുലർത്തുന്നത്.
അതേസമയം, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിൽ ആക്കുന്ന ഒരു റിപ്പോർട്ട് ആണ് ട്രാൻസ്ഫർ ലോകത്ത് പ്രചരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി ടീം വിട്ടേക്കും എന്ന സൂചന ശക്തമാവുകയാണ്. 24-കാരനായ താരത്തിന് വേണ്ടി ഐഎസ്എൽ ക്ലബ്ബ് ഈസ്റ്റ് ബംഗാൾ ആണ് സജീവമായി രംഗത്ത് ഉള്ളത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെച്ച കോൺട്രാക്ട് എക്സ്റ്റൻഷൻ രാഹുൽ തള്ളിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, മുൻ സീസണിലും രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത് പോലെ, ഇത്തവണയും അത് അഭ്യൂഹങ്ങൾ ആയി മാത്രം ഒതുങ്ങിപ്പോകും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇത്തവണ രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിടാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല എന്ന് വിശ്വാസയോഗ്യമായ സോഴ്സുകളിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നു. തൃശ്ശൂർ മണ്ണുത്തി സ്വദേശിയായ രാഹുൽ,
2019 മുതൽ കേരള ബ്ലാസ്റ്റേഴ്സ് താരമാണ്. ഇതുവരെ മഞ്ഞപ്പടക്ക് വേണ്ടി 77 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ സ്കോർ ചെയ്ത രാഹുൽ, ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 7 മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ ദിമിത്രിയോസ് ഡയമന്റകോസ്, ജീക്സൻ സിംഗ് എന്നിവരെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയതിനാൽ, രാഹുലിനായി ബംഗാൾ ടീം രംഗത്ത് വന്നിരിക്കുന്നത് നിസ്സാരമായി തള്ളിക്കളയാൻ സാധിക്കില്ല. East Bengal FC is in advanced talks to sign Rahul KP from Kerala Blasters FC