പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം ചൂടിയിരിക്കുകയാണ് കാലിക്കറ്റ് എഫ്സി. കാലിക്കറ്റിന്റെ ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരാണ് മുൻ ഹെയ്തി ഇന്റർനാഷണൽ കെർവൻസ് ബെൽഫോർട്ട്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ബെൽഫോർട്ട്, മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ജനപ്രീതി നേടി എടുത്തിരുന്നു. ബെൽഫോർട്ടിന്റെ മൈതാനത്തെ പ്ലെയിങ് സ്റ്റൈൽ ആണ് അദ്ദേഹത്തെ
ആരാധകരിലേക്ക് കൂടുതൽ ആകർഷിപ്പിച്ചത്. ബെൽഫോർട്ടിന്റെ ഡ്രിബ്ലിങ് സ്കിൽ എല്ലായിപ്പോഴും ആരാധകരെ വിസ്മയപ്പെടുത്താറുണ്ട്. ഐഎസ്എല്ലിന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സൂപ്പർ ലീഗ് കേരള ടീം കാലിക്കറ്റ് എഫ്സിയിലൂടെ വീണ്ടും മലയാളി ഫുട്ബോൾ പ്രേമികൾക്ക് മുന്നിൽ എത്തി. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബെൽഫോർട്ട്, ഇത്തവണ കേരളത്തിൽ എത്തിയപ്പോൾ തന്റെ ടീമിനെ കിരീടം ചൂടിക്കുന്നതിലേക്ക് നയിച്ചു. മലയാളി ഫുട്ബോൾ ആരാധകരോടും
കേരളത്തിനോടും ഉള്ള സ്നേഹം ബെൽഫോർട്ട് മറച്ചുവെച്ചില്ല. തനിക്ക് ധാരാളം ഓഫറുകൾ വന്ന സമയത്താണ് കേരളത്തിലേക്ക് വീണ്ടും ക്ഷണം ലഭിച്ചത് എന്നും, അന്നേരം കേരളത്തിലെ ആരാധകരെ മാത്രമാണ് താൻ ഓർത്തത് എന്നും അങ്ങനെയാണ് കാലിക്കറ്റിൽ എത്തിയത് എന്നും ബെൽഫോർട്ട് നേരത്തെ ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയുണ്ടായി. ഫോഴ്സ കൊച്ചിക്കെതിരെ കളിക്കാൻ കൊച്ചിയിൽ എത്തിയ വേളയിൽ, മൈതാനത്തെ പുല്ല് പറിച്ച് താൻ സൂക്ഷിച്ചിട്ടുണ്ട് എന്നും, അത് തന്നോടൊപ്പം ഓർമ്മക്കായി കൊണ്ടുപോകുന്നു എന്നും
ബെൽഫോർട്ട് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ കേരളത്തിനോടുള്ള സ്നേഹം എടുത്തു കാണിക്കുന്നു. തനിക്ക് ഒരിക്കൽക്കൂടി കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിവരാൻ ആഗ്രഹം ഉണ്ട് എന്നും ബെൽഫോർട്ട് പറയാൻ മടിച്ചില്ല. എന്തുതന്നെയായാലും, മുൻപൊരിക്കൽ എടികെയോട് ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനൊപ്പം പരാജയം അനുഭവിക്കേണ്ടിവന്നെങ്കിലും, കേരള ഫുട്ബോൾ ആരാധകർക്ക് മുൻപിൽ വിജയശ്രീ ലാളിതനായി കിരീടം ചൂടിയാണ് ഇത്തവണ കെർവെൻസ് ബെൽഫോർട്ടിന്റെ മടക്കം. From Kerala Blasters to Calicut FC Kervens Belfort triumphant return