കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ സ്ക്വാഡ് യുവ താരങ്ങളാൽ സമ്പന്നമാണ് എന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ടീമിന് ധാരാളം ഫുട്ബോളർമാരെ സംഭാവന ചെയ്തിട്ടുള്ള ടീം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്. യുവ ഇന്ത്യൻ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമി എല്ലായിപ്പോഴും മികവ് കാണിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് അടുത്തിടെ ചേർന്ന് മൂന്ന് പേരാണ്
കോറോ സിംഗ്, എബിൻ ദാസ്, തോമസ് ചെറിയാൻ എന്നിവർ. മൂന്ന് താരങ്ങളും ഈ വർഷം നടന്ന സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീമിലെ അംഗങ്ങൾ ആയിരുന്നു. കൂട്ടത്തിൽ തോമസ് ചെറിയാൻ ഇന്ത്യ അണ്ടർ 20 ക്യാപ്റ്റൻ കൂടിയാണ്. അണ്ടർ 20 തലത്തിൽ ദേശീയ ടീമിൽ ഈ മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും തിളങ്ങുകയും ചെയ്തു. സാഫ് അണ്ടർ-20 ചാമ്പ്യൻഷിപ്പിന് ശേഷം മടങ്ങിയെത്തിയ താരങ്ങളിൽ ഫോർവേഡ് കൊറോ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് സ്ക്വാഡിലേക്ക് പ്രമോഷൻ നേടുകയും
എബിൻ ദാസ് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ തുടരുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഡിഫൻഡർ തോമസ് ചെറിയാനെ ലോൺ അടിസ്ഥാനത്തിൽ ഐലീഗ് ക്ലബ്ബ് ചർച്ചിൽ ബ്രദേഴ്സിന് നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. യുവ ഇന്ത്യൻ ഡിഫൻഡർക്ക് കൂടുതൽ മത്സര സമയം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ ഗോവൻ ടീമിന് ലോണിന് നൽകിയിരിക്കുന്നത്. മത്സര പരിചയം നേടിയ ശേഷം, തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടാൻ കഴിവുള്ള താരമാണ് തോമസ് ചെറിയാൻ.
ഈ സീസൺ അവസാനം വരെയാണ് ലോൺ കോൺട്രാക്റ്റ്. “ഈ ദീപാവലിക്ക് ശക്തമായ ഒരു കൂട്ടിച്ചേർക്കലിലൂടെ ഉത്സവ സന്തോഷം കൊണ്ടുവരുന്നു. ഇന്ത്യൻ അണ്ടർ 20 ക്യാപ്റ്റൻ തോമസ് ചെറിയാനെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരു സീസൺ ലോണിൽ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒരുമിച്ച് ഫീൽഡ് പ്രകാശിപ്പിക്കാനും ആവേശകരമായ ഒരു സീസണും മുന്നിലുണ്ട്!,” താരത്തെ സൈൻ ചെയ്ത ശേഷം ചർച്ചിൽ ബ്രദേഴ്സ് പ്രതികരിച്ചു.
Summary: India U20 Captain Thomas Cheriyan on a season-long loan from Kerala Blasters to Churchill Brothers