ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 5 കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ബ്ലൈൻഡ് റാങ്കിംഗ് റൗണ്ടിൽ ആണ് ലൂണ തനിക്ക് ലഭിച്ച കളിക്കാരെ ഇഷ്ടാനുസരണം റാങ്ക് ചെയ്തത്. അതായത്, അവതാരകൻ ചോദിക്കുന്ന കളിക്കാരെ മാത്രം റാങ്ക് ചെയ്യാനുള്ള അവസരം ആണ് ലൂണക്ക് ലഭിക്കുക. എന്നാൽ, ഇക്കാര്യത്തിൽ ലൂണയുടെ തിരഞ്ഞെടുപ്പ് കൗതുകകരമായി.
ഒന്നാം നമ്പറിൽ അർജന്റീന ഫുട്ബോളർ ലയണൽ മെസ്സിയുടെ പേര് ലൂണ ഉറപ്പിച്ചപ്പോൾ, രണ്ടാം നമ്പറിൽ ലൂണ ആദ്യം തിരഞ്ഞെടുത്തത് പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്ത്യാനോ റൊണാൾഡോയെ ആയിരുന്നു. എന്നാൽ, അടുത്തതായി അവതാരകൻ അർജന്റീനിയൻ ഇതിഹാസം മറഡോണയുടെ പേര് പറഞ്ഞപ്പോൾ, മറഡോണയെ രണ്ടാം സ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ, റൊണാൾഡോയെ നാലാം സ്ഥാനത്തേക്ക് പരിഗണിച്ചു. പക്ഷേ,
താൻ തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ ലൂണ വീണ്ടും മാറ്റം വരുത്തി. തന്റെ രാജ്യത്തിന്റെ കളിക്കാരൻ കൂടിയായിരുന്ന ലൂയി സുവാരസിനെ നാലാം സ്ഥാനത്ത് ലൂണ നിയമിച്ചപ്പോൾ, ക്രിസ്ത്യാനോ റൊണാൾഡോയെ അദ്ദേഹം അഞ്ചാം സ്ഥാനത്തേക്ക് മാറ്റി. ഇതിൽ യാതൊരു വിഷമവും തനിക്കില്ല എന്നും അദ്ദേഹം പ്രകടിപ്പിച്ചു. അതേസമയം, മറ്റൊരു ഉറുഗ്വായൻ ഇതിഹാസമായ ഡിയാഗോ ഫോർലാനെ മെസ്സിക്കും മറഡോണക്കും പിറകിലായി മൂന്നാം സ്ഥാനത്ത് ലൂണ സ്ഥാനം നൽകി.
ലോകത്തെ മികച്ച കളിക്കാർ എന്നോ, തനിക്ക് ഏറ്റവും ഇഷ്ടമുള്ള 5 കളിക്കാർ എന്നോ ലൂണയുടെ ഈ തിരഞ്ഞെടുപ്പ് ഫലം പ്രകടിപ്പിക്കുന്നില്ല. മറിച്ച്, അവതാരകൻ നൽകിയ അഞ്ച് കളിക്കാരെ തന്റെ ഇഷ്ടാനുസരണം കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ റാങ്ക് ചെയ്തു എന്ന് മാത്രം. എന്നിരുന്നാലും, ലയണൽ മെസ്സിക്ക് ഒന്നാം സ്ഥാനം നൽകി, ക്രിസ്ത്യാനോ റൊണാൾഡോയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോൾ, അഡ്രിയാൻ ലൂണ ഒരു മെസ്സി ആരാധകൻ ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കണക്ക്കൂട്ടുന്നു.
Summary: Kerala Blasters captain Adrian Luna blind ranking world footballers