കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ സജീവ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന താരം ആണ് മണിപ്പൂരി സെന്റർ ബാക്ക് ഹോർമിപാം റൂയിവ. 2021-ൽ മൂന്ന് വർഷത്തെ കരാറിൽ പഞ്ചാബ് എഫ്സിയിൽ നിന്നാണ് ഹോർമിപാമിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച ഹോർമിപാം, ക്ലബ്ബിനൊപ്പമുള്ള തന്റെ രണ്ടാമത്തെ സീസണിൽ
22 മത്സരങ്ങൾ കളിച്ചു. എന്നാൽ, പരിക്ക് മൂലം 2023-24 സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമായി. ആകെ നാല് മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ സീസണിൽ ഹോർമിപാമിന് കളിക്കാൻ സാധിച്ചത്. 23-കാരനായ ഹോർമിപാം, പുരോഗമിക്കുന്ന 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തന്നെ സേവനം തുടരുന്നു. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് റെക്കോർഡ് പുസ്തകത്തിൽ തന്റെ പേര് ചേർത്തിരിക്കുകയാണ് ഹോർമിപാം. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 50 ഐഎസ്എൽ മത്സരങ്ങൾ കളിച്ച
ഒൻപതാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് ഹോർമിപാം. ഇതിനോടകം 50 ഐഎസ്എൽ മത്സരങ്ങളും നാല് സൂപ്പർ കപ്പ് മത്സരങ്ങളും 7 മറ്റു മത്സരങ്ങളും അടക്കം കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഹോർമിപാം 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് നിലവിൽ ഹോർമിപാം. സഹൽ അബ്ദുൽ സമദ് (97) ലീഡ് ചെയ്യുന്ന പട്ടികയിൽ
ജീക്സൺ സിംഗ് (86), രാഹുൽ കെപി (83) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. രാഹുൽ, ഹോർമിപാം എന്നിവരെ കൂടാതെ അഡ്രിയാൻ ലൂണ (64), സന്ദീപ് സിംഗ് (61) എന്നിവരാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമായവരിൽ മഞ്ഞപ്പടയുടെ ടോപ് 10 മോസ്റ്റ് അപ്പിയറൻസ് പട്ടികയിൽ ഉൾപ്പെടുന്നത്. മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്സിലൂടെ ദേശീയ ഫുട്ബോളിൽ ശ്രദ്ധിക്കപ്പെട്ട ഹോർമിപാം, ഇതിനോടകം ഇന്ത്യൻ നാഷണൽ ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിട്ടുണ്ട്. Kerala Blasters defender Hormipam Ruivah hits 50 ISL appearances