മലയാളികൾ എന്നും ഫുട്ബോളിനോട് വലിയ സ്നേഹം വെച്ചുപുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെയാണ്, ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ഫാൻ ബേസ് ഉള്ള ക്ലബ്ബുകളിൽ ഒന്നായി കേരള ബ്ലാസ്റ്റേഴ്സ് മാറിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട, മൈതാനത്ത് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെ ഗാലറിയിൽ ഇരുന്ന് സപ്പോർട്ട് ചെയ്യുന്നതിൽ ഉപരി, ടീമിനോടുള്ള തങ്ങളുടെ ഇഷ്ടം വ്യത്യസ്ത രീതിയിൽ പ്രകടിപ്പിക്കുന്നത്
നമ്മൾ മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട്. ഇന്ന് കേരളം വലിയ ദുഃഖത്തിൽ ആണ് ഉള്ളത്, അതിന്റെ കാരണം വയനാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തമാണ്. ഡ്യുറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് കറുത്ത ആം ബാൻഡ് അണിഞ്ഞ് മൈതാനത്ത് ഇറങ്ങുകയും, വിദേശ താരങ്ങൾ ഉൾപ്പെടെ തങ്ങൾ സ്കോർ ചെയ്ത ഗോളുകൾ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരമായി സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ, ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകൻ പുതിയ ഒരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്. എല്ലാ മലയാളികളും വയനാടിലെ ദുരന്ത മേഖലയിൽ ബാധിക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി കൈകോർക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും അതിൽ പങ്കുചേരുകയാണ്. ഇതിന് തുടക്കം കുറിച്ചത് ആകട്ടെ മഞ്ഞപ്പടയുടെ കടുത്ത ആരാധകനും, ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുമായ അബ്ദുൽ റഹ്മാൻ മഷൂദ് ആണ്. ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും
തങ്ങൾക്ക് ആവുന്ന ഒരു തുക നിശ്ചയിച്ച്, അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുക എന്ന ആശയമാണ് ഈ ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് ഇദ്ദേഹം, മുംബൈയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയ 8 ഗോളുകൾക്കായി ഓരോ ഗോളിനും 100 രൂപ കണക്കാക്കി ആകെ 800 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയ ഒരു ഗോൾ ഉൾപ്പെടെ ഇതുവരെ, ഡ്യുറണ്ട് കപ്പിൽ 9 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് സ്കോർ ചെയ്തിട്ടുണ്ട്.
Went live on @radiomango with @pratheeshhere about donating per goal scored by @KeralaBlasters in Durand Cup#KBFC #RebuildWayanad pic.twitter.com/Rdq2aEcOzi
— Abdul Rahman Mashood (@abdulrahmanmash) August 6, 2024
താൻ ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ ഓരോ ഗോളിനും 100 രൂപ വീതം സംഭാവന നൽകി എന്ന് അറിയിച്ച ആരാധകൻ, എല്ലാവരും ഈ ക്യാമ്പയിനിൽ പങ്കുചേരണം എന്നും, അത് ഓരോ ഗോളിനും ഒരു രൂപയായാലും പത്തു രൂപയായാലും 100 രൂപ ആയാലും പങ്കാളിത്തം ഉറപ്പാക്കണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത് ഏറ്റുപിടിച്ച് നിരവധി ആളുകൾ ഇതിനോടകം ഈ ക്യാമ്പയിനിൽ പങ്കുചേരുകയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകി വരികയും ചെയ്യുന്നു. Kerala Blasters fans launch goal donation campaign