പുതിയ സീസണിലേക്ക് മികച്ച തയ്യാറെടുപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഇതിനോടകം തന്നെ മികച്ച സൈനിങ്ങുകൾ നടത്തിക്കഴിഞ്ഞു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സീസൺ ആരംഭിക്കുന്നതിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ ഒരാൾക്ക് പരിക്ക് ഏറ്റിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ ഫോർവേഡ് ജോഷുവ സൊറ്റീരിയോ ആണ് പരിക്കിന്റെ പിടിയിൽ ആയിരിക്കുന്നത്. 28-കാരനായ താരത്തിന് പരിക്ക് മൂലം കഴിഞ്ഞ സീസൺ മുഴുവനായും നഷ്ടമായിരുന്നു. തുടർന്ന്, ഈ സീസണിൽ ശുഭപ്രതീക്ഷയോടെയാണ് താരം ടീമിനൊപ്പം ചേർന്നത്. തായ്‌ലൻഡിൽ നടന്ന പരിശീലന മത്സരങ്ങളിൽ ജോഷുവ സൊറ്റീരിയോ കളിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വിവിധ സോഴ്സുകളിൽ നിന്ന് ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം
പരിക്കിന്റെ പിടിയിലായ ജോഷുവ സൊറ്റീരിയോ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. താൻ കൊൽക്കത്തയിൽ എത്തിയ വിവരം ജോഷുവ സൊറ്റീരിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഡ്യൂറണ്ട് കപ്പിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം മുഴുവനായും കൊൽക്കത്തയിൽ എത്തിച്ചേരും. അതേസമയം, പരിക്കുമായി ബന്ധപ്പെട്ടിട്ടുള്ള കൂടുതൽ പരിശോധനകൾക്ക് വിധേയനാകാൻ ആണ് ജോഷുവ സൊറ്റീരിയോ മുൻഗണന നൽകുക.
വലിയ പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ താരത്തെ ഓസ്ട്രേലിയൻ ക്ലബ് ആയ ന്യൂകാസ്റ്റിൽ ജെറ്റ്സിൽ നിന്ന് സൈൻ ചെയ്തത്. കഴിഞ്ഞ തവണയും പ്രീ സീസൺ വേളയിലാണ് താരത്തിന് പരിക്ക് ഏറ്റത്. 2 വർഷത്തെ കരാറിൽ ആയിരുന്നു താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. പരിക്ക് മൂലം ആദ്യ സീസൺ നഷ്ടമായെങ്കിലും, ഈ സീസണിൽ താരത്തിന്റെ ലഭ്യത ബ്ലാസ്റ്റേഴ്സ് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന പരിക്ക് വീണ്ടും അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. Kerala Blasters forward Jaushua Sotirio injured again