ഐഎസ്എൽ പുതിയ സീസൺ സെപ്റ്റംബർ 13-ന് തുടങ്ങാൻ ഇരിക്കെ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ അന്തിമ സ്‌ക്വാഡിൽ പൂർണ്ണത വന്നിട്ടില്ല. പ്രധാനമായും വിദേശ താരങ്ങളുടെ കാര്യത്തിൽ ആണ് ഈ അനിശ്ചിതത്വം നിലനിൽക്കുന്നത്. ഒരു ഐഎസ്എൽ ടീമിന് 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. നിലവിൽ ആറ് വിദേശ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടെങ്കിലും,
ഒരു പ്രഗൽഭനായ വിദേശ സ്ട്രൈക്കറെ എത്തിക്കാനുള്ള പരിശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർന്നുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയൻ ഫോർവേർഡ് ജോഷ്വാ സൊറ്റീരിയോ, ഘാന ഫോർവേഡ് ക്വാമി പെപ്ര എന്നിവരുടെ കേരള ബ്ലാസ്റ്റേഴ്സിലെ ഭാവി അനിശ്ചിതത്വത്തിലാണ് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരിൽ ഒരാൾക്ക് പകരം പുതിയ താരത്തെ എത്തിക്കാൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ശ്രമം. ഈ കൂട്ടത്തിൽ,
ക്വാമി പെപ്രയെ ലോണിൽ വിട്ട് സൊറ്റീരിയോയെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയേക്കും എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, കഴിഞ്ഞ വർഷത്തിന് സമാനമായി ഇത്തവണയും പ്രീ-സീസണിൽ സൊറ്റീരിയോക്ക് പരിക്കുപറ്റി. മാത്രമല്ല, പ്രീസീസൺ മത്സരങ്ങളിലും, പുരോഗമിക്കുന്ന ഡ്യൂറൻഡ് കപ്പിലും ക്വാമി പെപ്ര ഗംഭീര പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇതോടെ, പെപ്ര ടീമിൽ സ്ഥാനം ഉറപ്പിക്കുകയും, സൊറ്റീരിയോ പുറത്തു പോവുകയും ചെയ്യും എന്ന തരത്തിൽ
റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടിരിക്കുന്ന ലേറ്റസ്റ്റ് പരിശീലന സെഷൻ വീഡിയോയിൽ, സൊറ്റീരിയോ പരിക്ക് മാറി ടീമിനൊപ്പം പരിശീലനം നടത്തുന്നതായി ആണ് കാണാൻ സാധിക്കുന്നത്. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ഒരു വിദേശ സ്ട്രൈക്കർക്കായി അന്വേഷണം നടത്തുന്നു എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ വിദേശ താരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരെ ഒഴിവാക്കും എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. Kerala Blasters forward Jaushua Sotirio is back in training