കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണുകളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, ടീമിലെ പ്രധാന താരമായി ഉയർന്നുവന്നത് ഉറുഗ്വായൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയാണ്. 2021-ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ, കഴിഞ്ഞ മൂന്ന് സീസണുകളിലും ശ്രദ്ധേയമായ പ്രകടനം നടത്തി. എന്നാൽ, 2023-2024 സീസണിൽ പരിക്ക് വില്ലനായി എത്തിയതോടെ, സീസണിലെ പാതി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
അഡ്രിയാൻ ലൂണ സൈഡ് ലൈനിൽ ആയത് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ പ്രകടനത്തെ വലിയ തോതിൽ ബാധിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ പൂർണ്ണ ഫിറ്റ്നസോടെ ലൂണ തിരിച്ചെത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള കോൺട്രാക്ട് 2027 വരെ നീട്ടി 32-കാരനായ ലൂണ തന്റെ ഭാവി സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്
അഡ്രിയാൻ ലൂണയെ സംബന്ധിച്ച് സംസാരിക്കുകയാണ്. കെബിഎഫ്സി ടിവി-യിലൂടെ വരും സീസണിലുള്ള തന്റെ പ്രതീക്ഷയും കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരെ സംബന്ധിച്ചും പറയുന്നതിനിടെ, ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനുള്ള തന്റെ സന്തോഷം കരോളിസ് സ്കിൻകിസ് പ്രകടിപ്പിച്ചു. “ലൂണ പോരാളിയാണ്, എല്ലാ ക്ലബ്ബിനും പോരാളികൾ ആവശ്യമാണ്, കാരണം അവസാനം ഇത് നല്ല ടീമുകളും മികച്ച ടീമും തമ്മിലുള്ള വ്യത്യാസമാണ്. അതിനാൽ വ്യക്തമായും ലൂണ ഇവിടെ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു,
അതേ താൽപ്പര്യം അദ്ദേഹം കാണിച്ചതിൽ എനിക്ക് സന്തോഷം ഉണ്ട്. ടീമിന് ചുറ്റും അദ്ദേഹത്തിനുള്ള ബഹുമാനം വളരെ വലുതാണ്,” കരോളിസ് സ്കിൻകിസ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനെ കുറിച്ച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതുവരെ 59 മത്സരങ്ങൾ കളിച്ചിട്ടുള്ള അഡ്രിയാൻ ലൂണ 15 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഗോളുകൾ സ്കോർ ചെയ്യുന്നതിനൊപ്പം തന്നെ, തന്റെ സഹതാരങ്ങളെ ഗോൾ അടിപ്പിക്കുന്നതിലും മിടുക്കനാണ് ഇദ്ദേഹം. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (19) നൽകിയിട്ടുള്ള കളിക്കാരനാണ അഡ്രിയാൻ ലൂണ. Kerala Blasters sporting director talks about captain Adrian Luna