ഐഎസ്എൽ 2024-2025 സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് ചില അശുഭ വാർത്തകൾ ആണ് പുറത്തുവരുന്നത്. സീസൺ അടുക്കവെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ നിന്ന് പരിക്ക് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ എതിരില്ലാത്ത 8 ഗോളുകൾക്ക് വിജയിച്ചപ്പോൾ, മത്സരത്തിൽ മഞ്ഞപ്പടക്കായി രണ്ട് ഗോളുകൾ സ്കോർ ചെയ്ത
ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിതക്ക് പരിക്കേറ്റതായി ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ സ്പോർട്സ് ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ അവരുടെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ 8 ഗോളുകൾ സ്കോർ ചെയ്തപ്പോൾ, മത്സരത്തിൽ പകരക്കാരനായി എത്തിയ ഇഷാൻ പണ്ഡിത രണ്ട് ഗോളുകൾ സ്കോർ ചെയ്തിരുന്നു. ഇത് താരം സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കും എന്ന
പ്രതീക്ഷ ആരാധകർക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ താരം പരിക്കിന്റെ പിടിയിൽ ആയിരിക്കുകയാണ്. അതേസമയം, പരിക്ക് ഗുരുതരമല്ല എന്നും, ഇഷാൻ പണ്ഡിത ഇപ്പോൾ ചെറിയ അസ്വസ്ഥതയാണ് നേരിടുന്നത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മാത്രമല്ല, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ചു വരികയാണ് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ മറ്റാരും പരിക്കിനാൽ വലയുന്നില്ല. നേരത്തെ പരിക്കേറ്റ സച്ചിൻ സുരേഷ്,
രാഹുൽ കെപി എന്നിവർ ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുക്കുന്ന പ്രയത്നത്തിലാണ്. ഇരുവരും ഡ്യൂറൻഡ് കപ്പിന്റെ അടുത്ത ഘട്ടങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 23-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരം. ബംഗളൂരു എഫ്സി ആണ് മഞ്ഞപ്പടയുടെ ക്വാർട്ടറിലെ എതിരാളികൾ. പരാജയം അറിയാതെ ആണ് ഇരു ടീമുകളും ക്വാർട്ടറിൽ എത്തിയിരിക്കുന്നത് എന്നത്, മത്സര ആവേശം വർദ്ധിപ്പിക്കുന്നു. kerala blasters striker Ishan Pandita has a small niggle