ഉരുക്ക് കോട്ട തകർക്കാൻ തയ്യാറായി കൊമ്പന്മാർ, ചരിത്രം പരിശോധിച്ചാൽ മുൻ‌തൂക്കം ബ്ലാസ്റ്റേഴ്സിന്

Kerala Blasters vs Jamshedpur FC ISL head to head record: കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഈ വർഷത്തെ (2024) അവസാന മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 29 ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ റിവേഴ്സ് ഫിക്സ്ച്ചർ ആരംഭിച്ചെങ്കിലും, ഇത് ആദ്യമായിയാണ് ജംഷഡ്പൂർ – കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് കളം ഒരുങ്ങുന്നത്. ഞായറാഴ്ച വൈകീട്ട് 7:30ന് നടക്കുന്ന മത്സരത്തിന്,

ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് വേദിയാകും. ഐഎസ്എൽ 2024-25 സീസൺ മികച്ച രീതിയിൽ തുടങ്ങിയ രണ്ട് ക്ലബ്ബുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും. ഇരു ടീമുകളും സീസണിൽ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരു പരാജയം മാത്രമാണ് നേരിട്ടത്. ജംഷഡ്പൂർ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ചപ്പോൾ, ഒരു തോൽവിക്ക് പുറമേ രണ്ട് വിജയവും രണ്ട് സമനിലയും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ അഞ്ച് കളികളിലെ ഫലം. എന്നാൽ, പിന്നീട് നേരിട്ട് തുടർ പരാജയങ്ങൾ ഇരു ടീമുകളെയും പിന്നോട്ട് വലിച്ചു. 

Ads

നിലവിൽ, 11 കളികളിൽ നിന്ന് 6 വിജയങ്ങളും 5 പരാജയങ്ങളും ഉൾപ്പെടെ 18 പോയിന്റുകൾ സമ്പാദ്യമുള്ള ജംഷഡ്പൂർ, പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അതേസമയം, 13 കളികൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് നാല് വിജയങ്ങളും രണ്ട് സമനിലയും 7 പരാജയങ്ങളും ഉൾപ്പെടെ 14 പോയിന്റുകളുമായി പത്താം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും നേർക്കുനേർ വന്ന ചരിത്രം പരിശോധിച്ചാൽ, അൽപ്പം മുൻതൂക്കം മഞ്ഞപ്പടക്കാണ്. 

ഇതുവരെ 16 തവണ ഐഎസ്എല്ലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. അവയിൽ 5 കളികൾ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ, 3 വിജയങ്ങൾ മാത്രമാണ് ജംഷഡ്പൂരിന് നേടാൻ സാധിച്ചത്. 8 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. നേർക്കുനേർ വന്ന മത്സരങ്ങളിൽ, കേരള ബ്ലാസ്റ്റേഴ്സ് 20 ഗോളുകൾ സ്കോർ ചെയ്തപ്പോൾ, 19 ഗോളുകൾ ജംഷഡ്പൂരും നേടി. ഗോളുകളുടെ എണ്ണവും സമനിലകളുടെ കണക്കും, കേരള ബ്ലാസ്റ്റേഴ്‌സ് – ജംഷഡ്പൂർ ഫിക്സ്ച്ചറിന്റെ പോരാട്ട ചൂട് വ്യക്തമാക്കുന്നു. അതേസമയം, വിജയങ്ങളുടെ കണക്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ചെറിയ മുൻതൂക്കം ഉണ്ട്. 

ISLJamshedpur FCKerala Blasters