അത്യന്തം നാടകീയത നിറഞ്ഞ മത്സരമാണ് ഇന്ന് മുംബൈ ഫുട്ബോൾ അറീനയിൽ നടന്നത്. സ്റ്റാർട്ടിങ് വിസിൽ മുതൽ ആവേശം നിറച്ച മത്സരം, 10 മിനിറ്റ് ആകും മുന്നേ ഗോൾ പട്ടിക തുറന്നു. മത്സരത്തിന്റെ 9-ാം മിനിറ്റിൽ ചാങ്തെയുടെ മനോഹരമായ അസിസ്റ്റിൽ നിന്ന് ഗോൾ കണ്ടെത്തി നികോസ് കരേളിസ് ആതിഥേയരായ മുംബൈ സിറ്റിക്ക് ആദ്യ ലീഡ് നേടിക്കൊടുത്തു. കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും മത്സരത്തിലേക്ക് തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്സ്
ശ്രമങ്ങൾ നടത്തുന്നത് തുടർന്നുകൊണ്ടിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയിൽ മുംബൈ ഒരു ഗോളിന്റെ ലീഡ് നിലനിർത്തി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായുള്ള മുന്നേറ്റങ്ങൾ കണ്ടെങ്കിലും, ക്വാമി പെപ്രയുടെ ഹാൻഡ് ബോളിനെ തുടർന്ന് ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽറ്റി വഴങ്ങേണ്ടി വന്നു. നികോസ് കരേളിസ് മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ സ്കോർ ചെയ്ത് മുംബൈയുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ, രണ്ട് മിനിറ്റിനകം ക്വാമി പെപ്ര ബോക്സിൽ വീഴ്ത്തിയതിന് കേരള ബ്ലാസ്റ്റേഴ്സും
പെനാൽറ്റി നേടിയെടുത്തു. ജീസസ് ജിമിനസ് സ്പോട്ട് കിക്ക് കൃത്യമായി വലയിൽ എത്തിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് തുടക്കമിട്ടു. ബ്ലാസ്റ്റേഴ്സിന്റെ നിരന്തരമായുള്ള ശ്രമത്തിന്റെ ഫലമായി, 71-ാം മിനിറ്റിൽ ക്വാമി പെപ്ര മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. പെപ്രയുടെ സൂപ്പർ ഹെഡർ ഗോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാക്കിയെങ്കിലും, അതിന് സെക്കൻഡുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരത്തെ ഒരു മഞ്ഞക്കാർഡ് വഴങ്ങിയ പെപ്ര, ഗോൾ നേടിയശേഷം ജേഴ്സി ഊരി മാറ്റി ആഘോഷിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് അദ്ദേഹത്തിന് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിക്കുകയും ഇത് റെഡ് കാർഡ് ആയി മാറുകയും ചെയ്തു. ഇതോടെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നേരിട്ടു. ശേഷം ഡിഫൻഡർ നഥാൻ റോഡ്രിഗസും, വിബിൻ മോഹനൻ നടത്തിയ ഫൗളിലൂടെ വഴങ്ങിയ പെനാൽറ്റി മുംബൈ ക്യാപ്റ്റൻ ചാങ്തെയും ഗോൾ മാറ്റിയതോടെ, ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 4-2 എന്ന മാർജിനിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി വിജയം സ്വന്തമാക്കി.
Summary: Kerala Blasters vs Mumbai City isl 2024-2025 match highlights