ഈ സീസണിൽ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ മൈതാനത്ത് മികച്ച ഇമ്പാക്ട് കൊണ്ടുവന്ന താരമാണ് ക്വാമി പെപ്ര. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ആണ് ക്വാമി പെപ്ര ഇതിനോടകം സ്കോർ ചെയ്തത്. ക്വാമി പെപ്ര മൈതാനത്ത് ഇറങ്ങിയാൽ, അദ്ദേഹത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ തവണയും എതിർ പോസ്റ്റിൽ പന്ത് എത്തിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം,
കൂടുതൽ മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ആണ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ ഉപയോഗിക്കുന്നത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും മുന്നേറ്റ നിരയിൽ നോഹ സദോയിയും ടീമിലെ സ്ഥിര സാന്നിധ്യങ്ങൾ ആയപ്പോൾ, മിലോസൊ കോഫോ പ്രതിരോധത്തിലും, സ്ട്രൈക്കറായി ജീസസ് ജിമിനസും ഫസ്റ്റ് ഇലവനിൽ ഇടം പിടിക്കുമ്പോൾ, ക്വാമി പെപ്രക്ക് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകുന്നു. എന്നിരുന്നാലും, ലൂണക്കും, നോഹക്കും പരിക്കേറ്റ വ്യത്യസ്ത മത്സരങ്ങളിൽ
ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇറങ്ങുകയും ചെയ്തു. ഇത്ര നന്നായി കളിച്ചിട്ടും പരിശീലകൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഉപയോഗിക്കുന്നതിൽ താങ്കൾക്ക് വിഷമം ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം പ്രസ്സ് കോൺഫറൻസിൽ പങ്കെടുക്കവേ ക്വാമി പെപ്രയോട് ചോദിക്കുകയുണ്ടായി. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി ഘാന ഫുട്ബോളർ നൽകി. “ആരാണ് ആരംഭിക്കുന്നത് എന്നതിനെക്കുറിച്ചോ, ഞങ്ങൾ (പെപ്രയും ജിമിനസും) ഗെയിമിൽ ഒരുമിച്ച് കളിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചൊന്നുമല്ല.
അത് പരസ്പരം മാറുന്നത് (ഒരാൾക്ക് പിറകിൽ ഒരാൾ ഉണ്ടെന്ന്) നമ്മെ തന്നെ പ്രചോദിപ്പിക്കുന്നതാണ്. മൂന്ന് പോയിന്റ് നേടുകയും എല്ലാ മത്സരങ്ങളും ജയിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ക്വാമി പെപ്ര തന്റെ ഉദ്ദേശം വ്യക്തമാക്കി. ടീമിന്റെ വിജയത്തിന് താൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങുന്നതാണ് അനുയോജ്യമെങ്കിൽ, അതാണ് തന്റെ ഉത്തരവാദിത്വം എന്ന് മനസ്സിലാക്കുന്ന കളിക്കാരനാണ് 23-കാരനായ ക്വാമി പെപ്ര. ഞായറാഴ്ച (നവംബർ 3) മുംബൈ സിറ്റിക്കെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Summary: Kwame Peprah Stays Positive Amid Substitute Role at Kerala Blasters