കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന കളിക്കാരിൽ ഒരാളാണ് നോഹ സദോയ്. ബ്ലാസ്റ്റർസിന്റെ മൊറോക്കാൻ ഫോർവേഡ് ഇതിനോടകം 5 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. നോഹയുടെ ഗോൾ സെലിബ്രേഷൻ ആരാധകർ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. അടുത്തിടെ ബ്രിഡ്ജ് ഫുട്ബോളിന് നൽകിയ ഒരു അഭിമുഖത്തിൽ, അദ്ദേഹത്തിന്റെ സെലിബ്രേഷനെ സംബന്ധിച്ച് ചോദിക്കുകയുണ്ടായി.
കൈകൾ രണ്ടും ചെവികളോട് ചേർത്തുള്ള സെലിബ്രേഷനെ ബന്ധപ്പെട്ടാണ് ഇന്റർവ്യൂവർ നോഹയോട് ചോദിച്ചത്. നോഹയുടെ ആഘോഷ ആംഗ്യങ്ങളിൽ, ഏറ്റവും കൂടുതൽ ശ്രദ്ധേയമായതാണ് കാതുകളോട് കൈകൾ ചേർത്തുള്ള പോസ്. ഈ സെലിബ്രേഷൻ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, “എനിക്ക് ആരാധകരുടെ ശബ്ദം കേൾക്കണം [അതിന് വേണ്ടി കാതോർക്കുന്നു]” നോഹ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. എന്നാൽ, നോഹയുടെ ആഘോഷം സാമൂഹ്യ മാധ്യമങ്ങളിൽ
ലയണൽ മെസ്സിയുടെ ആംഗ്യവുമായി ആരാധകർ താരതമ്യം ചെയ്യുന്നു. 2022 ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മെസ്സി ഗോൾ നേടിയശേഷം നടത്തിയ സെലിബ്രേഷനുമായി നോഹയുടെ സെലിബ്രേഷന് സാമ്യം ഉണ്ട് എന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇതുകൊണ്ടുതന്നെ നോഹ ഒരു മെസ്സി ആരാധകൻ ആയിരിക്കാം എന്നും ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം ചോദിച്ചപ്പോൾ അതിനെ തീർത്തും നിഷേധിക്കുന്ന മറുപടിയാണ് നോഹ നൽകിയത്.
“ഞാൻ ഒരു മെസ്സിക്കാരനല്ല [ആരാധകനല്ല]. ഞാൻ ഒരു റൊണാൾഡോ ആരാധകനാണ്! അത് [സെലിബ്രേഷൻ] എനിക്ക് സ്വാഭാവികമായി വരുന്നതാണ്,” നോഹ സദോയ് സംശയങ്ങൾക്ക് ഇട നൽകാതെ തന്റെ മറുപടി വ്യക്തമായി പറഞ്ഞു. അതേസമയം തന്റെ ടീം അംഗങ്ങളുടെ സെലിബ്രേഷൻ വരുമ്പോൾ, ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന് പറയാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ നോഹ, “മിലോസിന്റെത് ഏറ്റവും മോശം ആഘോഷമാണ്!” എന്ന് നോഹ തമാശയായി പറഞ്ഞു. Noah Sadaoui reveals meaning behind Messi like celebration