കഴിഞ്ഞ ഐഎസ്എൽ സീസണിൽ മികച്ച തുടക്കം ലഭിച്ച കേരള ബ്ലാസ്റ്റേഴ്സിന്, ഒന്നിലധികം താരങ്ങൾക്ക് സീസൺ മധ്യേ ഏറ്റ പരിക്കാണ് സീസൺ അവസാനത്തിൽ തിരിച്ചടി നേരിടാൻ കാരണമായത്. ഇത്തവണയും പരിക്കിന്റെ ആശങ്കകൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വന്നിരുന്നെങ്കിലും, ഇപ്പോൾ ഒരു ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി
പരിക്കിന്റെ പിടിയിൽ ആയിരുന്നു. ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ അംഗമായിട്ടും, ആദ്യ രണ്ട് മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച ട്രെയിനിങ് വേളയിലെ ദൃശ്യങ്ങളിൽ രാഹുൽ കെപിയെ കാണാൻ സാധിക്കുന്നു. രാഹുൽ തന്റെ ടീം അംഗങ്ങൾക്കൊപ്പം പരിശീലനത്തിൽ സജീവമായതായി ആണ് കാണാൻ സാധിക്കുന്നത്. ഇത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ശുഭ സൂചനയാണ് നൽകുന്നത്.
നേരത്തെ, രാഹുലിന് പരിക്കേറ്റു എന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ, വാരാന്ത്യത്തോടെ അദ്ദേഹം പരിശീലനം ആരംഭിക്കും എന്നും സൂചിപ്പിച്ചിരുന്നു. ഇത് ശരിവെക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന സെഷനിൽ നിന്ന് കാണാൻ സാധിക്കുന്നത്. അതേസമയം, പ്രീ സീസണിൽ പരിക്കിന്റെ പിടിയിൽ ആയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ ഫോർവേർഡ് ജോഷ്വ സൊറ്റീരിയോ ഇപ്പോഴും ടീമിനൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടിട്ടില്ല.
ഡ്യുറണ്ട് കപ്പ് സ്ക്വാഡിലും അദ്ദേഹം ഇടം നേടിയിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞ സീസൺ മുഴുവനായും പരിക്കു മൂലം നഷ്ടമായ താരത്തിന്, ഈ സീസണിന്റെ ആരംഭത്തിലും പരിക്കേറ്റതോടെ, അദ്ദേഹത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഭാവി ഏതാണ്ട് അവസാനിച്ച പോലെയാണ്. കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പുതിയ വിദേശ ട്രാൻസ്ഫർ റിക്രൂട്ട്മെന്റ് നടത്താനുള്ള പ്രോസസ്സിലാണ്. ഈ സാഹചര്യത്തിൽ സൊറ്റീരിയോ ഇനി ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല എന്ന് വേണം മനസ്സിലാക്കാൻ. Rahul KP back to action in training with Kerala Blasters