കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടത്തിൽ പ്രധാനമായും രണ്ട് വിഭാഗങ്ങൾ ഉണ്ട് എന്നത് സാമൂഹ്യ മാധ്യമങ്ങളിലെയും മറ്റും പ്രതികരണങ്ങളിൽ പ്രകടമാണ്. ഒരു വിഭാഗം ആരാധകർ ജയ പരാജയങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഒപ്പം നിൽക്കുമ്പോൾ, മറ്റൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സിനെയും കളിക്കാരെയും പരിഹസിക്കാനും രൂക്ഷഭാഷയിൽ വിമർശിക്കാനും മാത്രം സജീവമാകുന്നവരും ആണ്. ഇങ്ങനെ വ്യത്യസ്തമായ രണ്ട് പ്രവണതകൾ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇടയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകർ ഉണ്ട്, വിശ്വസ്തരായ ആരാധകരുടെ എണ്ണം ചെറുതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവരാണ് യഥാർത്ഥ ആരാധകർ,” രാഹുൽ കെപി ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നല്ല ആരാധകർ ടീമിന്റെയും കളിക്കാരുടെയും നല്ലതും മോശവും ആയ സമയത്ത് ഒപ്പം നിൽക്കും എന്നും,
അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും മാത്രം ആണ് താൻ സ്വീകരിക്കാറുള്ളൂ എന്നും രാഹുൽ പറഞ്ഞു. അല്ലാത്ത, വിമർശിക്കാനും പരിഹസിക്കാനും മാത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്ന ആരാധകർ എന്ന് പറയുന്നവരെ താൻ മുഖവിലക്ക് എടുക്കാറില്ല എന്നും രാഹുൽ വ്യക്തമാക്കി. രൂക്ഷ വിമർശനങ്ങളെയും പരിഹാസങ്ങളെയും തരണം ചെയ്താണ് താൻ ഈ നിലയിൽ എത്തിയത് എന്ന് പറഞ്ഞ രാഹുൽ, തന്നെ മാനസികമായി തകർക്കാൻ ഇനി ആർക്കും സാധിക്കില്ല എന്നും പറഞ്ഞു.
Rahul KP 🗣️“We have some of most loyal fans, amount of loyal fans maybe small but for me they are true fans.” @newsmalayalamtv #KBFC pic.twitter.com/PFd937Xouy
— KBFC XTRA (@kbfcxtra) September 23, 2024
“ഞാൻ ഇപ്പോൾ മാനസികമായി വളരെ ശക്തനാണ്, ആർക്കും എന്നെ മാനസികമായി വേദനിപ്പിക്കാൻ കഴിയില്ല,” രാഹുൽ കൂട്ടിച്ചേർത്തു. തന്നെ വേദനിപ്പിക്കണമെങ്കിൽ ശാരീരികമായി മാത്രമേ സാധിക്കൂ എന്നും, അല്ലാതെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും തന്നെ മാനസികമായി തകർക്കാൻ ആർക്കും ഇനി സാധിക്കില്ല എന്ന് രാഹുൽ അടിവരയിട്ട് പറഞ്ഞു. സീസണിൽ ടീമിനൊപ്പം മികച്ച പ്രകടനം നടത്താനുള്ള പരിശ്രമത്തിലാണ് താൻ എന്നും രാഹുൽ വ്യക്തമാക്കി. Rahul KP opens up on Kerala Blasters fan base