സച്ചിൻ സുരേഷ് ഇന്ന് കളിക്കില്ല !! ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വല ആര് കാക്കും

Sachin Suresh is not available for KBFC Goa ISL match: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ്. പ്ലേഓഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവമായി നിലനിർത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്, ഇന്ന് ഫട്ടോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവക്ക് എതിരായ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്. നേരത്തെ സീസണിൽ ഇരു ടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ ഉറച്ച് മൈതാനത്ത് ഇറങ്ങാൻ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്,

ഇപ്പോൾ ഒരു തിരിച്ചടി ഏറ്റിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റിരിക്കുന്നു. പരിശീലന വേളയിൽ പരിക്കേറ്റ സച്ചിൻ സുരേഷ് ഇന്നത്തെ മത്സരം കളിക്കില്ല എന്ന് ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീസണിൽ അത്ര മികച്ച ഫോമിൽ അല്ല സച്ചിൻ സുരേഷ് കളിക്കുന്നതെങ്കിലും, കഴിഞ്ഞ മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാത്തത് സച്ചിൻ സുരേഷ് ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭാവം ടീമിൽ ഒരു മാറ്റം വരുത്താൻ പരിശീലകനെ നിർബന്ധിതരാക്കിയിരിക്കുന്നു.

Ads

സച്ചിൻ സുരേഷിന്റെ അഭാവത്തിൽ ആരായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുക എന്ന ചോദ്യം ആരാധകർക്കിടയിൽ ചർച്ചയായി. നേരത്തെ ഈ സീസണിൽ സച്ചിൻ സുരേഷിന്റെ അഭാവം ഉണ്ടായ മത്സരങ്ങളിൽ സോം കുമാറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ദൗത്യം വിശ്വസിച്ച് ഏൽപ്പിച്ചത്. എന്നാൽ, ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സോം കുമാർ കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. തുടർന്ന്, പരിചയസമ്പന്നനായ ഇന്ത്യൻ ഗോൾകീപ്പർ കമൽജിത്ത് സിംഗ് ലോൺ അടിസ്ഥാനത്തിൽ ഒഡീഷയിൽ നിന്ന് ബ്ലാസ്റ്റേഴ്സിൽ ചേരുകയും ചെയ്തു.

ഗോവക്ക്‌ എതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കമൽജിത്ത് സിംഗ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുക. നോറ ഫെർണാണ്ടസും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ലഭ്യമാണ്. എന്നിരുന്നാലും, പരിചയസമ്പത്ത് കണക്കിലെടുത്ത് നിർണായക മത്സരത്തിൽ കമൽജിത്തിന് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് മുൻതൂക്കം നൽകുക. നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനക്കാരായ ഗോവക്കെതിരെ മൂന്ന് പോയിന്റ് സ്വന്തമാക്കുക എന്നത് വലിയ ശ്രമകരമായ ദൗത്യം ആണെങ്കിൽ കൂടി, മഞ്ഞപ്പട അത് നേടിയെടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

ISLKerala BlastersSachin Suresh