കഴിഞ്ഞ ആഴ്ച്ച കൊച്ചിയിൽ ബംഗളൂരുവിനോട് ഏറ്റ പരാജയത്തിന് പിന്നാലെ, ഇന്ന് മുംബൈ സിറ്റിയോടും കേരള ബ്ലാസ്റ്റേഴ്സ് കനത്ത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഈ പരാജയത്തിന് കാരണമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവുകൾക്ക്, ബംഗളൂരുവിനോട് ഏറ്റ പരാജയത്തിന്റെ കാരണങ്ങളുമായി ചില സാമ്യങ്ങൾ ഉണ്ടെങ്കിലും, ഇന്നത്തെ മത്സരം മഞ്ഞപ്പടക്ക് പ്രതികൂലമാക്കാൻ
ഇടയൊരുക്കിയ മൂന്ന് പ്രധാന കാരണങ്ങൾ പരിശോധിക്കാം. അതിൽ ആദ്യത്തേത് അപക്വമായ ക്വാമി പെപ്രയുടെ ഗോൾ സെലിബ്രേഷൻ ആയിരുന്നു. നേരത്തെ ഒരു മഞ്ഞ കാർഡ് വാങ്ങിയ പെപ്ര, മികച്ച ഗോൾ നേട്ടത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ മത്സരത്തിൽ ഒപ്പം എത്തിച്ച നിലയിൽ, തന്റെ ജേഴ്സി ഊരി സെലിബ്രേറ്റ് ചെയ്തതോടെ, അദ്ദേഹത്തിന് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിക്കുകയും, റെഡ് കാർഡിനെ തുടർന്ന് പുറത്ത് പോകേണ്ടി വരികയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഒപ്പം എത്തിയെങ്കിലും, 10 പേരിലേക്ക് ചുരുങ്ങിയത് ടീമിന്റെ ആകെ പ്രകടനത്തെ ബാധിച്ചു.
ഗോൾ വഴങ്ങിയ ശേഷം, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വലിയ സമ്മർദ്ദത്തിൽ ആകുന്ന കാഴ്ചയാണ് കണ്ടത്. ബംഗളൂരുവിന് എതിരായ മത്സരത്തിൽ 2-1 എന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് പിറകിൽ നിൽക്കുന്ന വേളയിൽ, ഓൾഔട്ട് ആക്രമണം നടത്തി. പ്രതിരോധത്തിന് ഒട്ടും പ്രാധാന്യം നൽകാതെ വന്നപ്പോൾ, ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാൻ ആയില്ല എന്ന് മാത്രമല്ല ഒരു ഗോൾ കൂടി വഴങ്ങേണ്ടി വരികയും ചെയ്തു. സമാനമായി മുംബൈയ്ക്കെതിരെ 3-2 എന്ന നിലയിൽ പിറകിൽ നിൽക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ യാതൊരു ശ്രദ്ധയും
നൽകാതെ പോകുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ ഫലമായി നാലാമത്തെ ഗോളിന് വേണ്ടിയുള്ള പെനാൽറ്റി വഴങ്ങേണ്ടി വന്നു. മറ്റൊരു പ്രധാന കാരണം, കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അവ ഗോൾ ആക്കി മാറ്റുന്നതിൽ പരാജയപ്പെടുന്നു എന്നതാണ്. സ്ട്രൈക്കർ ജീസസ് ജിമിനസ് ഫീൽഡ് ഗോൾ കണ്ടെത്താൻ മടി കാണിക്കുന്നതും, നോഹ സദോയിയുടെ അഭാവവും ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബാധിച്ചിരിക്കുന്നു. Three key reasons behind Kerala Blasters defeat to Mumbai City